Monday, April 29, 2024
keralaNews

സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരം :സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പേരില്‍ നഗരമധ്യത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.കാട്ടാക്കട വീരണകാവ് ചാനല്‍കര മുരുക്കറ വീട്ടില്‍ എസ്.ഗായത്രിയെ(24) ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം മുറിയെടുത്തിരുന്ന കൊല്ലം പരവൂര്‍ കോട്ടപ്പുറം ചെമ്പാന്‍തൊടി ജെ.പ്രവീണിനെ (34) മണിക്കൂറുകള്‍ക്കു ശേഷം കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പ്രവീണ്‍ കുറ്റം സമ്മതിച്ചതായി തമ്പാനൂര്‍ പൊലീസ് അറിയിച്ചു. ഇരുവരും നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവീണ്‍ താലി കെട്ടുന്നതായുള്ള ദൃശ്യങ്ങള്‍ ഗായത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും വിവാഹം കഴിക്കണമെന്ന ഗായത്രിയുടെ നിര്‍ബന്ധവും ഇരുവരും തമ്മില്‍ വഴക്കിനിടയാക്കിയെന്നും തുടര്‍ന്നാണു കൊലപ്പെടുത്തിയതെന്നും പ്രവീണ്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെയാണു പ്രവീണ്‍ ഈ ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും എത്തി. വൈകിട്ടു മുറി പൂട്ടി സ്ഥലംവിട്ട ഇയാള്‍, ഒരു സ്ത്രീ മുറിയില്‍ മരിച്ചു കിടക്കുന്നുണ്ടെന്ന് അര്‍ധരാത്രിക്കു ശേഷം ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു പൊലീസ് എത്തി മുറി കുത്തിത്തുറന്നത്. ജ്വല്ലറിയില്‍ ഡ്രൈവറായ പ്രവീണ്‍ റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയെ കോവിഡ് കാലത്തു താമസസ്ഥലത്ത് എത്തിച്ചാണ് അടുപ്പത്തിലായതെന്നു പൊലീസ് പറഞ്ഞു.ഈ ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളമുണ്ടാക്കി.അതോടെ ഗായത്രി ജോലി രാജിവച്ചു പോയെങ്കിലും ബന്ധം തുടര്‍ന്നു. പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ ബന്ധുക്കളെ കാണുകയും ചെയ്തു. ഇവരുടെ ആവശ്യപ്രകാരം ജ്വല്ലറി അധികൃതര്‍ കഴിഞ്ഞയാഴ്ച പ്രവീണിനെ തിരുവണ്ണാമലയിലേക്കു സ്ഥലം മാറ്റി. ഗായത്രിയെ സമാധാനിപ്പിച്ചു നിര്‍ത്താനായി വിളിപ്പിച്ചു. തര്‍ക്കം രൂക്ഷമായപ്പോള്‍ ചുരിദാര്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണു പ്രവീണിന്റെ മൊഴിയെന്നും പൊലീസ് അറിയിച്ചു.