Monday, April 29, 2024
keralaNews

തൃശ്ശൂര്‍പൂരം :വെടിക്കെട്ടുപുരയ്ക്ക് സമീപം ചൈനീസ് പടക്കം പൊട്ടിച്ച കാഞ്ഞിരപ്പള്ളി സ്വദേശി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: മദ്യലഹരിയില്‍ തേക്കിന്‍കാട് മൈതാനത്തെ വെടിക്കെട്ടുപുരയ്ക്ക് സമീപം കാറിലെത്തി ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടയം പാപ്പാടി പുളിത്താഴെ അജി (42), കാഞ്ഞിരപ്പള്ളി കരോട്ടുപറമ്പില്‍ ഷിജാസ്, എല്‍ത്തുരുത്ത് തോട്ടുങ്ങല്‍ നവീന്‍ (33) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 9.20-ന് മഫ്ടിയില്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കാനിറങ്ങിയ അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജുവിന്റെ സമയോചിത ഇടപെടലില്‍ വന്‍ദുരന്തം ഒഴിവാക്കാനായി. തൃശ്ശൂര്‍പൂരം വെടിക്കെട്ട് മഴ കാരണം മാറ്റിവെച്ചതിനാല്‍ വെടിക്കെട്ട് സാമഗ്രികളെല്ലാം ഇവിടെയുണ്ടായിരുന്നു.വെടിക്കെട്ടുപുരയ്ക്ക് സമീപം മദ്യലഹരിയില്‍ ചൈനീസ് പടക്കം പൊട്ടിക്കുകയായിരുന്നു യുവാക്കള്‍. എ.സി.പി. രാജു യുവാക്കളെ തടഞ്ഞ് പോലീസ് പട്രോളിങ് സംഘത്തെ വിളിച്ചുവരുത്തി. മദ്യലഹരിയില്‍ പോലീസുമായി യുവാക്കള്‍ ഉന്തും തള്ളുമായി. ബലപ്രയോഗത്തോടെ മൂവരെയും പോലീസ് അറസ്റ്റുചെയ്ത് ഈസ്റ്റ് സ്റ്റേഷനിലെത്തിച്ചു. ഇവരെത്തിയ കാറും കസ്റ്റഡിയിലെടുത്തു.

തൃശ്ശൂര്‍പൂരവും വെടിക്കെട്ടും കാണാനാണ് കോട്ടയം സ്വദേശികള്‍ തൃശ്ശൂരെത്തിയത്. മഴമൂലം വെടിക്കെട്ട് മാറ്റിവെച്ചതിനെത്തുടര്‍ന്ന് ഇവര്‍ മദ്യപിച്ച് കാറിലെത്തി തേക്കിന്‍കാട് മൈതാനത്ത് സ്വയം വെടിക്കെട്ട് നടത്തുകയായിരുന്നു. അറസ്റ്റിലായ എല്‍ത്തുരുത്ത് സ്വദേശി നവീനിന് പടക്കവില്‍പ്പനയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കടയിലെ പടക്കങ്ങള്‍ കൊണ്ടുവന്നാണ് വെടിക്കെട്ടുപുരയ്ക്ക് സമീപം ഇവര്‍ പൊട്ടിച്ചത്. അറസ്റ്റുചെയ്ത പ്രതികളെ വൈദ്യപരിശോധനയ്ക്കായി രാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ചു. വെടിക്കെട്ട് നടക്കാത്തതിനാല്‍ വെടിക്കെട്ടുപുരയ്ക്ക് പോലീസും റവന്യൂ ഉദ്യോഗസ്ഥരും കാവലുണ്ടായിരുന്നു.