Monday, April 29, 2024
indiaNewsSports

യൂബര്‍ കപ്പ് 2022: ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറില്‍

ബാങ്കോക്ക്: ബാഡ്മിന്റണിലെ ഡേവിസ് കപ്പ് എന്നറിയപ്പെടുന്ന യൂബര്‍ കപ്പില്‍ ഇന്ത്യക്ക് കരുത്തുറ്റ മുന്നേറ്റം.

അമേരിക്കയെ ഒന്നിനെതിരെ നാല് മത്സരങ്ങളില്‍ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതാ ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ കീഴില്‍ രാജ്യങ്ങള്‍ പരസ്പരം പോരാടുന്ന മത്സരമാണ് യൂബര്‍കപ്പ്.

വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ അമേരിക്കയ്ക്കെതിരെ മത്സരിച്ചത്. ലോക ഏഴാം നമ്പര്‍ താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ പി.വി.സിന്ധുവാണ് ആദ്യ ജയം സ്വന്തമാക്കിയത്. ജെന്നീ ഗായിയെയാണ് 21-10, 21-11ന് തോല്‍പ്പിച്ചത്.

രണ്ടാം പോരാട്ടത്തില്‍ വനിതകളുടെ ഡബിള്‍സില്‍ താനീഷാ ക്രാസ്റ്റോ-ട്രീസ ജോളി സഖ്യം ഫ്രാന്‍സെസ്‌കാ കോര്‍ബറ്റ്-അലിസണ് ലീ സഖ്യത്തെ 21-19, 21-10ന് തോല്‍പ്പിച്ചു. വനിതാ സിംഗിള്‍സില്‍ ആകര്‍ഷി കശ്യപ് എസ്തര്‍ ഷീയെ 21-18, 21-11ന് കീഴടക്കി.

വനിതാ ഡബിള്‍സില്‍ ശ്രുതി മിശ്ര-സിംറന്‍ സിന്‍ഘി സഖ്യം ലോറന്‍ ലാം-കോടി താംഗ് ലീ സഖ്യത്തോട് 12-21, 21-17, 13-21ന് പരാജയപ്പെട്ടു. എന്നാല്‍ അവസാന മത്സരത്തില്‍ അഷ്മിത ചാലിഹ നതാലി ചീയെ 21-18, 21-13ന് മുട്ടുകുത്തിച്ചു. ടൂര്‍ണ്ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ നിര 4-1ന് കാനഡയെ പരാജയപ്പെടുത്തിയിരുന്നു.