Tuesday, April 30, 2024
indiaNews

 ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ മരിച്ചു.

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള നാലുനിലക്കെട്ടിടത്തിനു തീപിടിച്ച് 27 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു. എഴുപതോളം പേരെ രക്ഷപ്പെടുത്തി. ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണു വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്.സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. തീപടര്‍ന്ന ഫ്‌ലോറില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറ കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയല്‍, വരുണ്‍ ഗോയല്‍ എന്നിവരാണ് അറസ്റ്റിലായതെന്നു പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥന്‍ മനീഷ് ലഗ്ര ഒളിവിലാണ്.അപകടമുണ്ടായ കെട്ടിടത്തിന് അഗ്‌നിരക്ഷാ സേനയുടെ സുരക്ഷാ അനുമതി ലഭിച്ചിരുന്നില്ല. തീപിടിത്തം ഉണ്ടാകുമ്പോള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രചോദന പ്രസംഗ പരിപാടി നടക്കുകയായിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. ഈ പരിപാടിക്കെത്തിയ ആളുകളാണു കൊല്ലപ്പെട്ടവരില്‍ ഏറെയും. മരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.