Monday, May 6, 2024
keralaNewsObituary

തൃപ്പൂണിത്തുറ സ്‌ഫോടനം: നാല് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു

കൊച്ചി: രണ്ടുപേരുടെ മരണത്തിനിടെയാക്കിയ തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. രാത്രി എട്ടര മണിയോടെ കേസിലെ പ്രതികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.  സ്‌ഫോടനത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്. ജാമ്യമില്ലാത്ത വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ഇതുവരെ നാല് പേര്‍ മാത്രമാണ് അറസ്റ്റിലായത്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരനായ ആദര്‍ശിനെ നാലാം പ്രതിയാക്കിയിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ (304), നരഹത്യ നടത്താനുള്ള ശ്രമം (308) എന്നീ വകുപ്പുകള്‍ ചുമത്തി സ്‌ഫോടക വസ്തു നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നയാള്‍ രാവിലെയും, പരിക്കേറ്റ അടിയന്തിര ശസ്ത്രക്രിയ നടത്തിയ ദിവാകരന്‍ വൈകുന്നേരം 7 മണിയോടെ മരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.സ്‌ഫോടനത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ സ്‌ഫോടകാവശിഷ്ടങ്ങളുമെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്‌ഫോടനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കൊല്ലം പാരിപ്പിള്ളി സ്വദേശി അനിലിനെയും (49), അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. ഇവര്‍ക്ക് പുറമെ മധുസൂദനന്‍ (60), ആദര്‍ശ് (29), ആനന്ദന്‍ (69) എന്നിവരും ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുകയാണെന്ന് മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു.