Thursday, May 2, 2024
keralaNewspolitics

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും.

സ്ഥാനാര്‍ത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.തൃക്കാക്കരയില്‍ ഒറ്റപ്പേരില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി. കെപിസിസി തീരുമാനിച്ച പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചു.

ഇന്ന് വൈകീട്ട് 6 മണിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചേക്കും.കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം.

സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.

യോഗത്തിന് മുന്‍പേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശന്‍ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിന്റെ സിറ്റിംഗ് സീറ്റില്‍ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരുടേയും അഭിപ്രായം.