Saturday, April 20, 2024
indiakeralaNewspolitics

അമേഠിയില്‍ നിന്ന് എങ്ങോട്ടും പോകില്ല സ്മൃതി ഇറാനി

വയനാട്: വയനാട് ജില്ലയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു. പതിനായിരത്തോളം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ല. സ്ഥലം എംപി രാഹുല്‍ ഗാന്ധി ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

വയനാട്ടിലെ അങ്കണവാടി ഉള്‍പ്പെടെയുള്ള വിവധ ഇടങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വനവാസി മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 2023ഓടെ എല്ലാ വനവാസി കോളനികളിലും കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഗോത്രവര്‍ഗ്ഗകാര്‍ക്ക് ഭൂമി നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അമേഠിയിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും സ്മൃതി ഇറാനി മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി എംപിയായ വയനാട്ടില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനും സ്മൃതി ഇറാനി മറുപടി നല്‍കി. താന്‍ രാഹുല്‍ ഗാന്ധിയല്ലെന്നും അമേഠിയില്‍ നിന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നുമാണ് സ്മൃതി ഇറാനി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ സംസ്ഥാനം വേണ്ടവിധത്തില്‍ ജനങ്ങളില്‍ എത്തിയ്ക്കുന്നില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളും വിദ്യാഭ്യാസ പ്രശ്നങ്ങളും വയനാട്ടിലെ ഗോത്രവര്‍ഗ്ഗക്കാര്‍ നേരിടുന്നുണ്ട്.

വെല്‍ഫയര്‍ സ്‌കീം നടപ്പിലാക്കാന്‍ കളക്ടറുമായി ചര്‍ച്ച നടത്തി. കളക്ടറോടും, സാമൂഹ്യ നീതി വകുപ്പിനോടും ജില്ലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.