Tuesday, May 14, 2024
keralaNewspolitics

കെ ശിവദാസന്‍ നായരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു.

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് സസ്‌പെന്റ് ചെയ്ത കെ ശിവദാസന്‍ നായരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു.കെപിസിസി നല്‍കിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍ എയുമായ ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.മറുപടി തൃപ്തികരമായതിനാലും ഖേദം പ്രകടിപ്പിച്ചതിനാലും സസ്പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്.മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു.സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ സന്തോഷം എന്ന് ശിവദാസന്‍ നായര്‍ പ്രതികരിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തുടര്‍ന്നും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് കെ പി അനില്‍കുമാര്‍ നടത്തിയ രൂക്ഷവിമര്‍ശനത്തെ പിന്തുണച്ചതിനാണ് ശിവദാസന്‍ നായര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്.കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോര്‍മുല വച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ല എന്നാണ് കെ ശിവദാസന്‍ നായര്‍ അഭിപ്രായപ്പെട്ടത്. തൊട്ടുപിന്നാലെ അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കുമെതിരെ പാര്‍ട്ടി നടപടി പ്രഖ്യാപിച്ചു.താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു അച്ചടക്കനടപടിയെക്കുറിച്ച് അന്ന് ശിവദാസന്‍നായരുടെ പ്രതികരണം.നടപടിയില്‍ ക്ഷുഭിതനായ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുകയും സിപിഎമ്മില്‍ ചേരുകയും ചെയ്തു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന് പിന്‍വലിച്ച് പാര്‍ട്ടിയിലേക്ക് തിരികെയെടുത്തതായുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.