Saturday, April 20, 2024
keralaNews

ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

തിരുവനന്തപുരം: ചെറിയ പെരുന്നാളിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നിസ്‌കാരത്തില്‍ പങ്കെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാളയം ഇമാം വിപി സുഹൈബ് മൗലവി ഈദ് ഗാഹിന് നേതൃത്വം നല്‍കി.                 

സാഹോദര്യം പങ്കുവെയ്ക്കുന്ന ചെറിയ പെരുന്നാളിന്റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. മസ്ജിദുകളിലും മുന്‍കൂട്ടി തയ്യാറാക്കിയ മറ്റിടങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും ഈദ് ഗാഹുകളും നടന്നു.

കൊറോണ കാരണം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്. മസ്ജിദുകളില്‍ രാവിലെ 7 മണിയോടെ പ്രത്യേക പ്രാര്‍ത്ഥനകളും നിസ്‌കാരവും ആരംഭിച്ചു.                 

കൊല്ലത്ത് പ്രാര്‍ത്ഥനകള്‍ക്ക് മതപണ്ഡിതന്‍ എം.എം അക്ബറാണ് നേതൃത്വം നല്‍കിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഷരീഫ് മേലതില്‍ നേതൃത്വം നല്‍കി. മലബാറിലും വടക്കന്‍ കേരളത്തിലും രാവിലെ വിവിധയിടങ്ങളില്‍ നിസ്‌കാരവും ഈദ്ഗാഹുകളും നടന്നു.