Saturday, May 4, 2024
keralaNewspolitics

തൃക്കാക്കരയില്‍ യുഡിഎഫ് അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നെന്ന് സിപിഎം

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയ ഭീതിമൂലം അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നെന്ന് സിപിഎം .

തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നത്. അശ്ലീല വീഡിയോ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലില്‍ നിന്ന് ഷെയര്‍ ചെയ്യുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി രാജീവും എം സ്വരാജും കുറ്റപ്പെടുത്തി.

ഒരു പാര്‍ട്ടിയും കാണിക്കാത്ത നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വലിയ അക്രമമാണ് നടക്കുന്നത്.

പരാജയ ഭീതി കൊണ്ട് ഉണ്ടാകുന്നതാണിത്. പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. യുഡിഎഫില്‍ ഉള്ളവര്‍ തന്നെ ഇതിനെതിരെ പ്രതികരിക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സൈബര്‍ ക്രിമിനലുകളെ കോണ്ഗ്രസ് തീറ്റി പോറ്റുകയാണെന്ന് അഡ്വ എം സ്വരാജ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ ഇവരെ ഉച്ചഭാഷിണികളായി ഉപയോഗിക്കുകയാണ്.

വി എം സുധീരന്‍ തന്നെ ഇത് സംബന്ധിച്ച് നേരത്തെ പറഞ്ഞിട്ടുണ്ട്. സ്റ്റീഫന്‍ ജോണ്‍ , ഗീതാ പി ജോണ്‍ എന്നീയാളുകളുടെയും ഞാന്‍ ആലങ്ങാടന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയുമാണ് അപകീര്‍ത്തിപ്പെടുത്തലെന്നും സ്വരാജ് പറഞ്ഞു.

പരാതി നല്‍കിയ ശേഷം വീഡിയോ ഷെയര്‍ ചെയ്യരുതെന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിര്‍ദ്ദേശം വന്നു. കോണ്ഗ്രസ് നേതൃത്വം അറിയാതെ ഇത്തരം സംഭവം നടക്കില്ലെന്നും എം സ്വരാജ് പറഞ്ഞു.