Monday, April 29, 2024
keralaNews

തൃക്കടവൂര്‍ ശിവരാജുവിനെ എഴുന്നളളത്തിന് വേണമെങ്കില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളും ഇനി പണം നല്‍കണം

പത്തനംതിട്ട : തൃക്കടവൂര്‍ ശിവരാജുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ മറ്റ് ക്ഷേത്രങ്ങളില്‍ എഴുന്നെളളിക്കണമെങ്കില്‍ ഇനി പണം അടയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡ്. 75,000 രൂപ ജൂലൈ മുതല്‍ ഈടാക്കാനാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.സ്വകാര്യക്ഷേത്രങ്ങള്‍ക്ക് ശിവരാജുവിനെ നല്‍കിയിരുന്നത് രണ്ടര ലക്ഷം രൂപയ്ക്കാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്ന ശേഷം ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം എഴുന്നള്ളത്തിന് ആനയെ അനുവദിച്ചിരുന്നു.എന്നാല്‍ ഇതിന് പ്രത്യേകപാട്ടം ഈടാക്കിയിരുന്നില്ല. ക്ഷേത്രങ്ങളിലേക്ക് ആനയെ കൊണ്ട് പോകുന്നതിനുള്ള ചിലവ് മാത്രം ഉത്സവ കമ്മറ്റിക്കാര്‍ വഹിച്ചാല്‍ മതിയായിരുന്നു.ദേവസ്വം ക്ഷേത്രങ്ങളിലേക്ക് ആനയെ അനുവദിക്കണമെങ്കില്‍ മൂന്ന് ദിവസം മുമ്പ് സ്വകാര്യ ക്ഷേത്രങ്ങളില്‍ ആനയെ ബുക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. നിലവിലെ തീരുമാനപ്രകാരം തുകയടയ്ക്കേണ്ടത് ഗജക്ഷേമനിധിയിലേക്കാണ്. ഒന്നില്‍ക്കൂടുതല്‍ ദേവസ്വം ക്ഷേത്രങ്ങള്‍ ഒരേദിവസം ശിവരാജുവിനെ ആവശ്യപ്പെട്ടാല്‍, കൂടുതല്‍ തുക ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന ക്ഷേത്രത്തിന് നല്‍കാനാണ് തീരുമാനം.