Thursday, May 9, 2024
keralaNewsObituarypolitics

സിനിമയിലും താരമായി ഗൗരിയമ്മ

കേരള രാഷ്ട്രീയത്തിനെന്നല്ല ഇന്ത്യന്‍ രാഷ്ട്രീയ ചരിത്ര താളുകളില്‍ തന്നെ സുവര്‍ണ ലിപികളാല്‍ എഴുതിയ നാമമാണ് കെ ആര്‍ ഗൗരിയമ്മയുടേത്. തളരാത്ത മനസ്സും ദൃഢ നിശ്ചയവും ആരുടെ മുന്നിലും തോല്‍ക്കാത്ത മനസുമാണ് ഗൗരിയമ്മയെ മുന്നോട്ട് നയിച്ചത്. മലയാളത്തിലെ ഇടതുരാഷ്ട്രീയസിനിമയിലും തന്റെതായ സ്ഥാനം കൃത്യമായി അടയാളപ്പെടുത്താന്‍ ഗൗരിയമ്മയ്ക്കായി. മലയാളത്തിലെ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമകളില്‍ തന്റെടുമുള്ള അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നേതൃനിരയിലുള്ള ഒരു വനിതാ കഥാപാത്രത്തെ ആവിഷ്‌കരിക്കുമ്പോള്‍ ആ ചിന്ത ആദ്യം ചെന്നെത്തുന്നത് ഗൗരിയമ്മലായിരുന്നു.
സിനിമയില്‍ ഉള്‍പ്പടെ അത്രമേല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഗൗരിയമ്മ. ലാല്‍സലാം, ജനം, ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി തുടങ്ങിയ ചിത്രങ്ങള്‍ ഗൗരിയമ്മയുടെ വ്യക്തിത്വത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയിട്ടുള്ളവയാണ്. വേണുനാഗവള്ളിയുടെ ലാല്‍സലാം എന്ന ചിത്രത്തില്‍ ഗീത അവതരിപ്പിച്ച സേതുലക്ഷ്മി എന്ന കഥാപാത്രം ഗൗരിയമ്മയായിരുന്നു. പലപ്പോഴും ഗൗരിയമ്മ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും സേതുലക്ഷ്മി മലയാളികള്‍ക്ക് ഗൗരിയമ്മതന്നെയാണ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇരട്ടമുഖങ്ങളെ പ്രതിനിധീകരിച്ച വര്‍ഗീസ് വൈദ്യന്റെ മകന്‍ ചെറിയാന്‍ കല്പകവാടിയുടെതായിരുന്നു ലാല്‍സലാമിന്റെ കഥ.ടി.വി.തോമസ്, കെ.ആര്‍.ഗൗരിയമ്മ, വര്‍ഗീസ് വൈദ്യന്‍ എന്നീ യഥാര്‍ത്ഥ ജീവിതങ്ങളെ ഓര്‍മപ്പെടുത്തിയ ഡി.കെ., സേതുലക്ഷ്മി, നെട്ടൂര്‍ സ്റ്റീഫന്‍ എന്നീ കഥാപാത്രങ്ങളിലൂടെ ലാല്‍സലാം പാര്‍ട്ടിയുടെ അകത്തളങ്ങളിലെ കഥ പറഞ്ഞു.

ഗൗരിയമ്മയുടെയും ടിവിയുടെയും ജീവിതമായിരുന്നു, സിനിമയുടെ കഥാതന്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയ കാലത്തിന്റെ കഥ പറഞ്ഞ സിനിമയെ അനുകൂലിച്ചും എതിര്‍ത്തും വാദഗതികള്‍ ഉയര്‍ന്നു.ലാല്‍സലാമിന്റെ വിജയത്തിന് ശേഷമാണ് ഗൗരിയമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗീതയെത്തന്നെ പ്രധാനകാഥാപാത്രമാക്കി രാജ്ബാബു സംവിധാനം ചെയ്ത ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം സാമ്ബത്തികപരമായി പരാജയമായിരുന്നെങ്കിലും ചിത്രത്തിനും ആസ്പദമായത് ഗൗരിയമ്മയുടെ സമാനതകളില്ലാത്ത ആ രാഷ്ട്രീയ ജീവിതം തന്നെയായിരുന്നു.ജനം എന്ന മലയാള സിനിമയില്‍ രേവതി അവതരിപ്പിച്ച ശക്തയായ ഗോമതിയമ്മ എന്ന കഥാപാത്രത്തിനും ഗൗരിയമ്മയുടെ ഛായയാണ്. സിപിഎമ്മില്‍ നിന്നും പുറത്തായ ഗൗരിയമ്മയെയാണ് മലയാളികള്‍ക്ക് ജനത്തില്‍ കാണാനായത്.