Monday, May 6, 2024
keralaNews

കോഴിക്കോട് യുവാവിന് ക്രൂരമര്‍ദനം.

കോഴിക്കോട് വടകരയില്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി യുവാവിന് ക്രൂരമര്‍ദനം. നാലംഗ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. അക്രമികള്‍ യുവാവിന്റെ കാര്‍ പൂര്‍ണമായും അഗ്‌നിക്കിരയാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് സംശയം.വടകരയ്ക്കടുത്ത് കല്ലേരിയിലാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച അക്രമികള്‍ കാര്‍ കത്തിച്ചത്. മറ്റൊരു ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് വിളിച്ചിറക്കിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ കാര്‍ കത്തിച്ചത്.

ആക്രമിച്ചവര്‍ക്ക് യുവാവുമായി മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആക്രമണവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഒരു സംശയം. കണ്ണൂരില്‍നിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഇരയായ യുവാവിന്റെ മൊഴി ഇതുവരെ പൂര്‍ണമായും രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രാഥമിക മൊഴി മാത്രമാണ് നിലവില്‍ രേഖപ്പെടുത്തിയത്. യുവാവിന്റെ മൊഴി ലഭിക്കുന്നതോടെ അക്രമി സംഘത്തെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.