Thursday, May 2, 2024
keralaNews

 തീ ആദ്യം കണ്ടത് കാര്‍ പോര്‍ച്ചിലെ ബൈക്കിലെന്നു സൂചന നല്‍കി പൊലീസ്

വര്‍ക്കല :അയന്തി പന്തുവിളയില്‍ ഇരുനില വീടിന് അര്‍ധരാത്രി തീപടര്‍ന്നു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച ദുരന്തത്തില്‍ തീ ആദ്യം കണ്ടത് കാര്‍ പോര്‍ച്ചിലെ ബൈക്കിലെന്നു സൂചന നല്‍കി പൊലീസ്.എതിരെയുള്ള വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ ഭാഗത്ത് നിന്നു തീപ്പൊരി പടരുന്നതാണ് ആദ്യം കാണുന്നത്.. പുലര്‍ച്ചെ 1.46 നാണ് ഈ ദൃശ്യം. പിന്നാലെ ടാങ്ക് പൊട്ടിത്തെറിച്ചു തീ ആളിക്കത്തി മുകളിലേക്ക് ഉയരുന്നതും കാണാം. ഇതോടെ പോര്‍ച്ചിനു മേലുള്ള ഇലക്ട്രിക് ഹോള്‍ഡറുകള്‍ ഉരുകി അതുവഴിയും മുകളിലേക്ക് തീ വ്യാപിച്ചെന്നാണ് നിഗമനം. വീടിന്റെ താഴത്തെ നിലയില്‍ നിന്നു മുകളിലേക്കാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ദുരന്തത്തിന് ഇരയായ വീട്ടില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടെങ്കിലും തീപിടര്‍ന്നു ഹാര്‍ഡ് ഡിസ്‌കിന് തകരാര് സംഭവിച്ചതിനാല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ക്യാമറ ദൃശ്യങ്ങളിലൊന്നും ആരുടെയും സാന്നിധ്യം കാണാത്തതിനാല്‍ അപായപ്പെടുത്തല്‍ അടക്കമുള്ള ആസൂത്രിത നീക്കം ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളുന്നു.വൈദ്യുതി ലൈനിലെ ഷോര്‍ട് സര്‍ക്യൂട്ട് വഴിയാണ് തീ പടര്‍ന്നതെന്ന നിഗമനത്തിനായിരുന്നു ആദ്യം പ്രാമുഖ്യം. അഗ്‌നിരക്ഷാസേന, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റ് വിഭാഗങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൂടി ക്രോഡീകരിച്ചായിരിക്കും അപകടകാരണം എന്തെന്ന അന്തിമ നിലപാടിലെത്തുക
പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാരശാലയായ ആര്‍.പി.എന്‍. വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ (ബേബി62), ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍ (29), മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (25), മകന്‍ റയാന്‍ (8 മാസം) എന്നിവരാണു തിങ്കഴാച രാത്രിയുണ്ടായ ദുരന്തത്തില്‍ മരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള നിഹുലി(32)ന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. നിഹുല്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രതാപന്റെ മൂത്ത മകന്‍ വിദേശത്തുണ്ടായിരുന്ന രാഹുലും ഭാര്യയും കുട്ടികളും അപകടവിവരമറിഞ്ഞ് ഇന്നലെ നാട്ടിലെത്തി