Sunday, May 5, 2024
keralaNewsObituary

തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി ബാധിച്ച്് മരണം.പാറശാല സ്വദേശി സുബിതയാണ് (38) മരിച്ചത്. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കൊപ്പം ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് 10ാം തീയതി മെഡിക്കല്‍ കോളജില്‍ സുബിതയെ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.                                                       

ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ചെള്ളുപനി മരണമാണിത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വതി ചെള്ളുപനി ബാധിച്ച് മരണപ്പെട്ടിരുന്നു. പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു.

പിറ്റേ ദിവസം അശ്വതി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.ഇവരുടെ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല.

ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.