Friday, May 3, 2024
keralaNews

തിരുവനന്തപുരത്ത് അയല്‍വാസി ദമ്പതിമാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

തിരുവനന്തപുരം : ദമ്പതിമാരെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60), വിമലകുമാരി (55) എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പനപ്പാംകുന്ന് സ്വദേശി ശശി ആണ് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരുടെയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല. നില വഷളായതോടെ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടയില്‍ ശശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണ്.

ഹോളോ ബ്രിക്സ് നിര്‍മാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്. ഇദ്ദേഹത്തിന്റെ അയല്‍ക്കാരനാണ് സൈന്യത്തില്‍ നിന്ന് വിരമിച്ച ശശി. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പെട്രോളുമായി പ്രഭാകര കുറുപ്പിന്റെ വീട്ടില്‍ എത്തിയ ശശി ഇരുവരുടെയും ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.