Thursday, May 2, 2024
keralaNews

രാജ്യത്ത് രണ്ടു കോവിഡ് വാക്‌സീനുകള്‍ക്കുകൂടി അനുമതി.

രാജ്യത്ത്  രണ്ടു കോവിഡ് വാക്‌സീനുകള്‍ക്കുകൂടി അനുമതി. കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നിനും നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 653 ആയി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കില്ല. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ച കോര്‍ബെവാക്‌സിനും പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിച്ച കോവോവാക്‌സീനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച മൂന്നാമത്തെ വാക്‌സീനാണ് കോര്‍ബെവാക്‌സ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ആന്റി വൈറല്‍ മരുന്നായ മൊള്‍നുപിരാവിറിനും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 13 കമ്പനികള്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കും.രാജ്യത്ത് ഇതുവരെ 653 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 186 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും 150ല്‍ അധികം കേസുകളുണ്ട്. 19 സംസ്ഥാനങ്ങളിലും ഛണ്ഡിഗഡിലും ലഡാക്കിലും ജമ്മുകശ്മീരിലും ഇതുവരെ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കില്ല. തിരഞ്ഞെടുപ്പ് റാലികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിക്കാനും സാധ്യതയില്ല. എന്നാല്‍ പ്രചാരണത്തിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ഒമിക്രോണ്‍ കേസുകള്‍ ആശങ്കപ്പെടുത്തുന്ന സ്ഥിതിയില്‍ വ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായാണ് സൂചന. ഒമിക്രോണ്‍ ബാധ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ല. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ സംഘം യുപിയിലെത്തി.