Tuesday, May 7, 2024
indiaNews

രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ; എന്‍ഐഎ രണ്ട് പ്രതികളെ കൂടി പിടികൂടി

ബെംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ബംഗാള്‍ സ്വദേശികളായ രണ്ട് പ്രതികളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്ത് . മുസാവിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ എന്നിവരെയാണ് പിടികൂടിയത്. കേസിലെ മുഖ്യ സൂത്രധാരന്മാരാണ് പിടിയിലായതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  മാര്‍ച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സംഘം അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈ വര്‍ഷം ജനുവരി മാസം മുസാവിര്‍ ഹുസൈന്‍ ചെന്നൈയിലുണ്ടായിരുന്നതായി എന്‍ഐഎ സംഘം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് അബ്ദുള്‍ മതീന്‍. തമിഴ്നാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മസ് മുനീര്‍, മുസമ്മില്‍ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. ശിവമോഗ സ്ഫോടന കേസിലെയും മംഗളൂരു ചുവരെഴുത്ത് കേസിലെയും പ്രതിയാണ് ആദ്യം അറസ്റ്റിലായ മസ് മുനീറെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.