Friday, May 10, 2024
keralaNews

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍; ആദ്യ സര്‍വീസ് പാലക്കാട് ഡിപ്പോയില്‍ നിന്ന്

തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ആദ്യ സര്‍വീസ് പാലക്കാട് ഡിപ്പോയില്‍ നിന്നാണ് ആരംഭിക്കുന്നത്. കൊറോണ വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച ശേഷം, കര്‍ണ്ണാടകയിലേക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് അനുമതി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബര്‍ ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നല്‍കിയത്.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചും, സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി തമിഴ്നാട്ടിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നത്.