Tuesday, May 14, 2024
keralaNews

മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടി; തലയടിച്ചു വീണ് എഎസ്‌ഐ മരിച്ചു

കൊല്ലം: മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടില്‍ തലയടിച്ചു വീണ് ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു. എഴുകോണ്‍ സ്റ്റേഷനിലെ എഎസ്‌ഐ പെരുമ്പുഴ അസീസി അറ്റോണ്‍മെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തില്‍ ബി ശ്രീനിവാസന്‍ പിള്ള (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ എഴുകോണ്‍ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് ശ്രീനിവാസന്‍ പിള്ള ജോലിക്ക് കയറിയത്. ശനിയാഴ്ച രാവിലെ 9ന് ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ രാവിലെ 7.30ഓടെ പുറത്തേക്ക് ഇറങ്ങുമ്പോള്‍ പടിക്കെട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

വീഴ്ചയില്‍ ഇദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ഉടനെ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും, വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ മസ്തിഷ്‌കാഘാതം സംഭവിച്ചു. രണ്ട് വര്‍ഷമായി എഴുകോണ്‍ സ്റ്റേഷനില്‍ എ.എസ്.ഐ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വി.എസ്. പ്രീത (പ്ലാനിങ് ബോര്‍ഡ് ഓഫിസ്, തിരുവനന്തപുരം). മക്കള്‍: ശ്രീലക്ഷ്മി, ഗായത്രി (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലേക്ക് ദാനം ചെയ്തു.