Friday, May 3, 2024
EntertainmentkeralaNews

തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെയുള്ള കേസില്‍ പ്രതികരിച്ച് നടന്‍ ബാബുരാജ്.

പാലക്കാട്: തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെയുള്ള കേസില്‍ പ്രതികരിച്ച് നടന്‍ ബാബുരാജ്. പഴയ കേസുകള്‍ കുത്തിപ്പൊക്കുന്നവരെ തനിക്കറിയാമെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഡിനു തോമസ് തന്നെ നായകനാക്കി സംവിധാനം ചെയ്ത് പുറത്തിറക്കിയ ”കൂദാശ” എന്ന സിനിമ പരാജയമായിരുന്നു. റിയാസ്, ഒമര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയില്‍ അഭിനയിച്ചതിന് ശമ്പളം പോലും വാങ്ങിയില്ലെന്ന് ബാബുരാജ് പറഞ്ഞു.നിര്‍മ്മാതാക്കള്‍ക്ക് നാട്ടില്‍ ഏതോ പോലീസ് കേസുള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ സിനിമ പുറത്തിറക്കിയത് വിബി ക്രിയേഷന്‍ എന്ന തന്റെ നിര്‍മ്മാണ കമ്പനി വഴിയാണെന്ന് ബാബുരാജ് പറയുന്നു. 18 ലക്ഷം രൂപയാണ് തനിക്ക് ചിലവായത്. സാറ്റ്‌ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരിശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ലഭിച്ചില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആവശ്യം പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയപ്പോള്‍ ആലുവ എസ്പി ഓഫീസില്‍ താന്‍ പരാതി നല്‍കിയിരുന്നുവെന്നും ബാബുരാജ് വ്യക്തമാക്കി.പലവട്ടം പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടും നിര്‍മ്മാതാക്കള്‍ എത്തിയില്ല. സത്യം ഇതായിരിക്കെ ചിലരുടെ ഉപദേശ പ്രകാരമാണ് എനിക്കും സിനിമയുമായി യാതൊരു ബന്ധമില്ലാത്ത വാണിക്കും എതിരെ പുതിയ പരാതി നല്‍കിയിരിക്കുന്നതെന്ന് ബാബുരാജ് ആരോപിച്ചു. കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്ന് നടന്‍ വ്യക്തമാക്കി. 2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി തന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം എന്നും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.