Thursday, May 16, 2024
Local NewsNews

എരുമേലിയില്‍ വീട്ടില്‍ മോഷണം; തോക്കും – പണവും മോഷണം പോയി

എരുമേലി: എരുമേലിയില്‍ നടന്ന മോഷണത്തില്‍ വീട്ടില്‍ സൂക്ഷിച്ച പിസ്റ്റല്‍ തോക്കും – പണവും മോഷണം പോയി. എരുമേലി – ചേനപ്പാടി റോഡില്‍ കാവാലം പടിയില്‍ താമസിക്കുന്ന കാവാലം പുതുപറമ്പില്‍ തോമസ് സെബാസ്റ്റ്യന്റെ (കാവാലം ടോമി) വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് വെളുപ്പിനെയായിരുന്നു സംഭവം.

വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള മറ്റൊരു ചെറിയ റൂമിലാണ് രാത്രി തോമസ് കിടന്നത് . ഇതിന് സമീപമുള്ള വര്‍ക്ക് ഏരിയായിലെ ലൈറ്റും ഇടുമായിരുന്നു, വെളുപ്പിനെ 2.15 ഓടെ ഉണര്‍ന്നപ്പോള്‍ വര്‍ക്ക് ഏരിയായുടെ ലൈറ്റ് ഓഫ് ചെയ്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധിക്കുന്നതിനിടെ ഒരാള്‍ മിന്നിമറയുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടന്ന മുറിയുടെ സമീപത്തുള്ള വീടിന്റെ അടുക്കള വാതില്‍ തുറന്നു മുറിയില്‍ നിന്നും പിസ്റ്റല്‍, ലൈസന്‍സ്, പാന്‍ കാര്‍ഡ്,5000 രൂപ അടങ്ങിയ പേഴ്‌സുമാണ് മോഷണം പോയതെന്നും ടോമി പറഞ്ഞു.

എരുമേലി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി എസ്. ഐ ശാന്തി കെ ബാബു, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.