Thursday, April 25, 2024
keralaNews

വോട്ടര്‍പട്ടികയില്‍ ഈ മാസം 31വരെ പേരുചേര്‍ക്കാം.

2021 ലെ നിയമസഭ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയം ഈമാസം 31വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും 31 വരെ സമര്‍പ്പിക്കാം.ഈമാസം 16 വരെയാണ് ആദ്യം സമയം അനുവദിച്ചതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം കണക്കിലെടുത്താണ് തീയതി നീട്ടിയത്. നിലവില്‍ 2,63,00,000 ത്തോളം പേരാണ് കരട് വോട്ടര്‍പട്ടികയിലുള്ളത്.2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, നിലവിലുള്ളവര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.