Friday, May 3, 2024
keralaNewspolitics

ഡോ മാത്യൂസ് മാര്‍ സേവേറിയോസ് പുതിയ പരമാധ്യക്ഷന്‍ സ്ഥാനാരോഹണം പൂര്‍ത്തിയായി

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍. ഡോ മാത്യൂസ് മാര്‍ സേവേറിയോസ് ഇനി ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ എന്ന പേരില്‍ അറിയപ്പെടും. പരുമല പളളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ വെച്ചാണ് പുതിയ പേര് സ്വീകരിച്ചത്. സ്ഥാനാരോഹണം പൂര്‍ത്തിയായി. ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ വെച്ചാണ് മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനം ഏറ്റെടുത്തത്. 22 -മത് മലങ്കര മെത്രാപ്പൊലീത്തയും ഒന്‍പതാമത് കാതോലിക്ക ബാവയുമാണ് ഇനി അദ്ദേഹം.

സഭയ്ക്ക് പുതിയ അധ്യക്ഷന്‍ ആകുമ്പോള്‍ പള്ളിത്തര്‍ക്ക വിഷയത്തിലടക്കം സ്വീകരിക്കുന്ന നിലപാടാണ് ഇനി ശ്രദ്ധേയമാകുന്നത്. മലങ്കര സഭ ഒരു കുടുംബമാണെന്നും അഭിപ്രായ ഭിന്നത ഉണ്ടാകാം. എന്നാല്‍ അതെല്ലാം നീതിപൂര്‍വ്വം പരിഹരിക്കണമെന്നും അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം പറഞ്ഞു. സഭകളുടെ ഐക്യം എന്നാല്‍ ലയനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ കുറച്ച് പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങാണ് നടന്നത്. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസ്. കാര്‍ക്കശ്യക്കാരനായ തിരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേല്‍നോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തില്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ല്‍ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുന്‍ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്‌സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുന്‍ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനാകുന്നത്.