Monday, April 29, 2024
keralaNews

ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

മുളന്തുരുത്തിക്ക് സമീപം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കേസ് അന്വേഷിക്കുന്ന റെയില്‍വേ പൊലീസാണ് നോട്ടീസ് ഇറക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.പ്രതി ഉടന്‍ പിടിയിലാകുമെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് എസ്. രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡിവൈഎസ്പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചറില്‍ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.