Wednesday, May 15, 2024
Uncategorized

ബദുവിയന്‍ കവിതകളുടെ മലര്‍വാടി – അല്‍ ഹദ് വ

കേട്ട കഥകളുടെ യഥാര്‍ഥ പൊരുളുകള്‍ ചികയാതെ, ഊതിവീര്‍പ്പിച്ച് പറഞ്ഞ് നടന്നാണ് സമൂഹങ്ങള്‍ നല്ലവരും ക്രൂരരുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. അരത്തില്‍ ഏറെ ക്രൂശിക്കപ്പെട്ട ജനവിഭാഗമാണ് അറബ് നാഗരികതയുടെ ആദിമ വാസികളായ ബദുക്കള്‍. ഇവരുടെ ജീവിത രീതികള്‍ പോലും നേരാവണ്ണം മനസിലാക്കാതെ അടിച്ചിറക്കിയ ഊഹാപോഹങ്ങള്‍ക്ക് കണക്കില്ല.ബദുക്കള്‍ സഞ്ചാരികളാണ്, കാര്‍ഷിക മേഖലയില്‍ നിന്ന് കാര്‍ഷിക മേഖലയിലേക്ക് മൃഗങ്ങളുമൊത്ത് യാത്ര പോകുന്നവര്‍.നടന്ന് നടന്ന് ഇവര്‍ തീര്‍ത്ത പാതകളാണ് ആധുനിക ഗള്‍ഫിന്റെ വളര്‍ച്ചയുടെ പ്രധാന ഉറവിടങ്ങളിലൊന്ന്. ബദുക്കളുടെ യാത്ര സംഘത്തെയൊ, അവരുടെ
പരമ്പരാഗത ആഘോഷങ്ങളിലൊ ഒരുവട്ടമെങ്കിലും പങ്കെടുത്തവര്‍ ഒരിക്കലും ഇവരെ കുറിച്ച് കേട്ട കഥകള്‍ പിന്നെ മറ്റൊരാളോട് ആവര്‍ത്തിക്കില്ല. യാത്രകളില്‍ ബദുക്കള്‍ നെഞ്ചിലേറ്റി നടക്കുന്ന കവിതയാണ് അല്‍ ഹദ് വ. എഴുവരികളുള്ള ഈ കവിതകള്‍ കിടക്കുന്നത് പ്രധാനമായും മനസുകളിലാണ്. യത്ര സംഘങ്ങള്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കും ഊര്‍ജ്ജം പകരാനും ആഘോഷങ്ങള്‍ അനുഭൂതിയാക്കാനും ഈ ബദുവിയന്‍ കവിതകള്‍ക്കുള്ള ഊര്‍ജ്ജം അനുഭവിച്ചറിയണം.

യു.എ.ഇയില്‍ നടക്കുന്ന പരമ്പരാഗത ആഘോഷങ്ങളിലെല്ലാം കൂട്ടം കൂടിയിരുന്ന് കവിത ആലപിക്കുന്ന ഒരു കൂട്ടം വയോധികരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. നമ്മുടെ അക്ഷരശ്ലോക സദസുകള്‍ക്ക് സമാനമാണ് അല്‍ ഹദ് വ കാവ്യലാപന രീതി. ഒരാള്‍ അവസാനിപ്പിക്കുന്ന ഭാഗത്ത് നിന്ന് മറ്റൊരാള്‍ തുടങ്ങുന്നു. ഇതില്‍ നിമിഷ കവിതകളും പിറക്കുന്നു.യു.എ.ഇയിലെ മുത്തശ്ശന്‍മാരും മുത്തശ്ശികളും പുതിയ തലമുറക്ക് പറഞ്ഞും പാടിയും കൊടുക്കുന്ന പരമ്പരാഗത തനിമയില്‍ നിന്ന് അല്‍ ഹദ്വ ഇന്നും പൂത്തുലയുന്നു. ഹദ്വ കവിതകള്‍ കൂടുതലും സാംസ്‌കാരിക പൈതൃകമാണ്. അതിന്റെ രചയിതാക്കള്‍ ഏറെയും അജ്ഞാതമാണ്. ത്രി-റിഥമിക് ഗാനമായ ഇതിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വ്യത്യസ്ത പതിപ്പുകളുണ്ട്.കല്യാണം, ഗോത്ര, ദേശീയ ഉത്സവങ്ങള്‍, പ്രത്യേകിച്ച് ഒട്ടക മല്‍സരങ്ങള്‍ എന്നിവയില്‍ കവിതകള്‍ ചൊല്ലുന്നു, കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്‌ബോള്‍ സ്ത്രീകള്‍ കവിതകള്‍ രചിക്കുകയുംചൊല്ലുകകയും ചെയ്യുന്നുവ്യക്തികള്‍ അല്ലെങ്കില്‍ ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക, ചരിത്രപരമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുക, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള സമകാലിക തീമുകള്‍ എന്നിവയാണ് മറ്റ് വിഷയങ്ങള്‍. പുതുതലമുറക്ക് മുന്‍കാല ചരിത്രത്തെക്കുറിച്ച് അറിയാനും അവരുടെ പരമ്പരാഗത ജീവിത രീതിയെക്കുറിച്ച് അറിയാനും അവസരമൊരുക്കുന്നു. കവിതകള്‍ രചിക്കാനും ചൊല്ലാനുമുള്ള കഴിവ് കുടുംബത്തിലൂടെയും ഗോത്ര മൂപ്പന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്നു. പരമ്പരാഗത നൃത്തമായ അയാലയിലും ഈ കവിതകള്‍ ഉപയോഗിക്കാറുണ്ട്.