Tuesday, April 30, 2024
keralaNews

ട്രെയിനിടിച്ച് പരിക്കേറ്റ ആന ചരിഞ്ഞു

പാലക്കാട് : മലമ്പുഴയില്‍ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആനയെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ബുധനാഴ്ച രാവിലെ കൊട്ടേക്കാട് റെയില്‍വേ ട്രാക്കില്‍ നിന്നാണ് ആനയ്ക്ക് പരിക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കണ്ടെത്തി ചികിത്സയും ആവശ്യമായ ഭക്ഷണവും പരിചരണവും നല്‍കിയിരുന്നു.   എന്നാല്‍ കഴിഞ്ഞദിവസം കിടന്ന ആനയ്ക്ക് പിന്നീട് എഴുന്നേല്‍ക്കാന്‍ സാധിച്ചിരുന്നില്ല. വൈകിട്ട് 5 മണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് കാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ നിന്ന ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. പിന്‍കാലുകള്‍ നിലത്ത് കുത്താന്‍ കഴിയാത്ത രീതിയില്‍ അവശനായിരുന്നു ആന. എല്ലുകള്‍ക്ക് പൊട്ടലോ പുറമേ മറ്റ് പരിക്കുകളോ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ആനയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. അഞ്ച് പേര്‍ അടങ്ങുന്ന വെറ്ററനറി ഡോക്ടര്‍മാരുടെ സംഘമാണ് ആനയെ പരിശോധിച്ചത്. ആനയ്ക്ക് ആന്തരികമായ പരിക്കുകള്‍ ഉണ്ടെന്നും കണ്ടെത്തി. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.