Monday, May 6, 2024
indiaNews

ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുന്‍ ജീവനക്കാരന്‍ വെട്ടിക്കൊലപ്പെടുത്തി.

ബെംഗളൂരുവില്‍ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുന്‍ ജീവനക്കാരന്‍ വാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ അമൃതഹള്ളി മേഖലയില്‍ സ്ഥിതി ചെയ്യുന്ന എയ്‌റോണിക്‌സ് ഇന്റര്‍നെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്‌മണ്യയും സിഇഒ വിനു കുമാറുമാണ് മരിച്ചത്. മുന്‍ ജീവനക്കാരനായ ഫെലിക്‌സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്‌സ് വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് എയ്‌റോണിക്‌സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്‌സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും എയ്‌റോണിക്‌സ് കമ്പനി ഫെലിക്‌സിന്റെ ബിസിനസില്‍ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അതേസമയം, ഫെലിക്‌സ് ടിക്ടോക് താരമാണെന്നും പൊലീസ് വ്യക്തമാക്കി. ജോക്കര്‍ ഫെലിക്‌സ് എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നു. എയ്‌റോണിക്‌സ് വിട്ട് ഫെലിക്‌സ് സ്വന്തമായി കമ്പനി രൂപീകരിച്ചിരുന്നു. ഫെലിക്‌സിനൊപ്പം മൂന്നുപേര്‍ക്കൂടിയുണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.

വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു. പരുക്കേറ്റ ഫനീന്ദ്രയും വിനുകുമാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും.