Monday, April 29, 2024
keralaNewsObituarypolitics

ടിപിയുടെ ഓര്‍മ്മക്കായി മൊബൈലിനും – വാഹനത്തിലും നമ്പര്‍ നല്‍കി കെ കെ രമ എംഎല്‍എ

വടകര അന്തരിച്ച ആര്‍.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പര്‍ തന്റെ ഔദ്യോഗിക വാഹനത്തിന് നല്‍കി വടകര എംഎല്‍എയും ടിപിയുടെ ഭാര്യയുമായ കെ.കെ രമ. ടിപി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കെ.കെ രമ പ്രത്യേക അപേക്ഷ നല്‍കി തന്റെ ഔദ്യോഗിക നമ്പരാക്കി മാറ്റിയിരുന്നു. ടിപിയുടെ നീല പാഷന്‍ പ്‌ളസ് ബൈക്കിന്റെ നമ്പര്‍ കെഎല്‍ 18 എ 6395 ആയിരുന്നു.

എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ കെ.കെ രമയ്ക്ക് പുതിയ കാറ് അനുവദിച്ചു കിട്ടി. ഇതിന് ടിപിയുടെ വാഹനത്തിന്റെ അതേ നമ്പര്‍ തന്നെ വേണമെന്ന് എംഎല്‍എ തീരുമാനിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിച്ച് ഇന്നലെ നമ്പര്‍ അനുവദിച്ച് കിട്ടി. കെഎല്‍ 18 എഎ 6395 ആണ് കെ.കെ രമ എംഎല്‍എയുടെ വാഹന നമ്പര്‍. മരണസമയത്ത് തന്റെ ബൈക്കിലായിരുന്നു ടി.പി ചന്ദ്രശേഖരന്‍ സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തിയത്. കേസന്വേഷണത്തിന് പൊലീസ് ബൈക്ക് ഏറ്റെടുത്ത ശേഷം വിചാരണ നടപടികള്‍ കഴിഞ്ഞ് വാഹനം കോടതിയില്‍ നിന്ന് തിരികെ കിട്ടി. ഇപ്പോള്‍ വീടിന്റെ മുകള്‍ നിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പണം മുടക്കി ടിപി വാങ്ങിയ ആദ്യ വാഹനമായിരുന്നു ബൈക്ക്. അദ്ദേഹത്തിന്റെ ഓര്‍മ്മ മണ്ഡലത്തിലാകെ നിലനില്‍ക്കാനാണ് പുതിയ വാഹനത്തിനും ആ നമ്പര്‍ തന്നെ നല്‍കിയതെന്ന് കെ.കെ രമ എംഎല്‍എ അറിയിച്ചു.