Tuesday, May 7, 2024
indiakeralaNewspolitics

ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജി വെയ്ക്കില്ല….

ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്ന് സൂചന. അധികാരത്തര്‍ക്കത്തില്‍ കോടതി നടപടി നീളുന്നതിനാലാണ് രാജി വൈകുന്നത്. കോടതി വിധിക്ക് ശേഷം രാജിയെന്നാണ് വിവരം.
ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബര്‍ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ മാണി അറിയിച്ചിരുന്നത്. ഇടതുമുന്നണിയില്‍ എത്തി മൂന്നു മാസം പിന്നിടുമ്പോഴും രാജിയുണ്ടാകാത്തതില്‍ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാജി സമര്‍പ്പിക്കാന്‍ ആയിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ ഡല്‍ഹിയിലെത്തിയ ജോസ് കെ മാണി, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമേ രാജി ഉണ്ടാകുവെന്ന് പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം എന്ന അംഗീകാരം ജോസ് കെ മാണിക്ക് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ചോദ്യം ചെയ്തുള്ള പിജെ ജോസഫിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നടപടികള്‍ അവസാനിക്കുംവരെ രാജി വക്കേണ്ടെന്നാണ് ജോസ് കെ മാണിക്ക് ലഭിച്ച നിയമോപദേശം. രണ്ട് എംപിമാര്‍ ഉള്ളത് കൂടി കണക്കിലെടുത്താണ് ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം ലഭിച്ചത്. ഉടന്‍ രാജിവച്ചാല്‍ കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടായാലും, ജോസഫ് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്നുള്ള സാധ്യതയുണ്ട്. കോടതി നടപടികള്‍ പൂര്‍ണമായും അവസാനിച്ച ശേഷമാകും രാജിയെന്നാണ് സൂചന. ഉടന്‍ രാജിവച്ചാല്‍ ഒഴിവു വരുന്ന സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ അവകാശവാദങ്ങള്‍ ഉണ്ടായേക്കാം എന്ന ആശങ്കയും ജോസ് കെ മാണിക്കുണ്ട്. പാര്‍ട്ടിയിലും എംപി പദവി മോഹിച്ച് ഒന്നിലധികം പേര്‍ രംഗത്തിറങ്ങിയതും രാജി വൈകാന്‍ കാരണമായി.