Saturday, May 4, 2024
keralaNewspolitics

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാള്‍

തിരുവനന്തപുരം: പ്രതിസന്ധികളെയെല്ലാം ഒരുമിച്ച് നേരിട്ട കേരള ജനത ഇന്ന് പ്രതീക്ഷകളോടെ അറുപത്തിയാറാം ജന്മദിനമാഘോഷിക്കുകയാണ്.
തിരുകൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്റെ രൂപീകരണം. കേര വൃക്ഷങ്ങളുടെ നാടായതിനാല്‍ കേരളമെന്ന പേര് കിട്ടിയെന്നാണ് വാമൊഴി. എന്നാല്‍ ചേരന്മാര്‍ ഭരിച്ചിരുന്ന ചേരളം. പറഞ്ഞ് പറഞ്ഞ് കേരളമായെന്ന് വാദിക്കുന്നവരുമുണ്ട്. പുഴകളും, കടലും, കായലും, കുന്നും, മലകളുമൊക്കെയായി പ്രകൃതി ആവോളം അനുഗ്രഹിച്ച ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടെന്ന പേരില്‍ ലോകമെമ്പാടും തിളങ്ങുന്നു. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും സൂചികകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. പ്രളയങ്ങളും,കൊവിഡും തകര്‍ത്തെറിഞ്ഞിട്ടും ശക്തിയോടെ തിരികെ വന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതീജീവിച്ച് മുന്നേറി. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കന്യാകുമാരി ജില്ലയിലെ മലയാളികള്‍ക്കുമിന്ന് കേരളപ്പിറവിദിനമാണ്. അന്ന് തിരുവിതാംകൂറിന്റെ അതിര്‍ത്തി കന്യാകുമാരി ജില്ലയിലെ ആരുവായ്മൊഴിയായിരുന്നു. കന്യാകുമാരിയിലെ മലയാളികളും ഇന്ന് കേരളപ്പിറവി ആഘോഷിക്കും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പകല്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മന്ത്രി വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി പി ജോയ് ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും. മലയാള ഭാഷയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്ത് എം മുകുന്ദന്‍, പ്രൊഫ. വി മധുസൂദനന്‍ നായര്‍ എന്നിവരെ ആദരിക്കും. കേരളപ്പിറവി ദിനത്തില്‍ കേരള ബ്രേക്കിംഗ് ന്യൂസിന്റെ കേരളപ്പിറവി ആശംസകള്‍…..

 

.