Tuesday, May 7, 2024
keralaNews

ജോമോന്‍ കാപ്പ ചുമത്തപ്പെട്ട് നാട് കടത്തപ്പെട്ടയാള്‍.

കോട്ടയം: പത്തൊന്‍പതുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുവന്നിട്ട ഗുണ്ട ജോമോന്‍ കാപ്പ ചുമത്തപ്പെട്ട് നാട് കടത്തപ്പെട്ടയാള്‍. എന്നാല്‍ കോടതിയില്‍ നിന്ന് ഇളവ് നേടി കോട്ടയത്ത് എത്തിയതാണിയാള്‍. സൂര്യനെന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാന്‍ ബാബുവിനെ കൊലപാതകത്തില്‍ എത്തിയത്.ഇന്നലെ രാത്രി ഒന്‍പതരയ്ക്ക് വിമലഗിരിയില്‍ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാന്‍ ബാബുവിനെ ജോമോനും മറ്റ് രണ്ട് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. നിന്റെ ആരാണ് സൂര്യന്‍ എന്ന് ചോദിച്ച് ജോമോനും മറ്റ് രണ്ട് പേരും ഷാന്‍ ബാബുവിനെ ഓട്ടോറിക്ഷയില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.മകനെ കാണാനില്ലെന്ന് മനസിലാക്കിയ ഷാന്‍ ബാബുവിന്റെ അമ്മ രാത്രി
ഒന്നരയോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ജോമോന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഷാന്‍ ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി വന്ന ജോമോന്‍, ‘ഞാനൊരാളെ തീര്‍ത്തു’ എന്ന് അട്ടഹസിച്ചു. സ്റ്റേഷനില്‍ അതിക്രമം കാട്ടി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാള്‍.സൂര്യനെന്ന ഗുണ്ടയെ വധിക്കാനാണ് പോയതെന്നും ജോമോന്‍ പൊലീസിനോട് പറഞ്ഞിരുന്നു. കാപ്പ ചുമത്തി നാടുകടത്തിയതാണ് ജോമോനെ. എന്നാല്‍ ഇതിനെതിരെ കോടതിയില്‍ അപ്പീല്‍ കൊടുത്ത് ഇയാള്‍ കോട്ടയത്തേക്ക് തിരികെ വന്നു. എല്ലാ ശനിയാഴ്ചയും സ്റ്റേഷനില്‍ ഒപ്പിടണമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിട്ടിരുന്നു. കാപ്പ ചുമത്തിയ വകുപ്പുകള്‍ കുറഞ്ഞുപോയത് കൊണ്ടാണ് ജോമോന് ഇളവ് ലഭിച്ചതെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ഗുണ്ടാ രാജാണെന്നും അദ്ദേഹം പറഞ്ഞു.