Monday, May 13, 2024
keralaNews

12 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ വാക്സിന്‍

ന്യൂഡല്‍ഹി :കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും കുട്ടികളെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കൊറോണ പ്രതിരോധ വാക്സിനേഷന്‍ മാര്‍ച്ച് മാസം മുതല്‍ ആരംഭിച്ചേക്കും. നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റ കൊറോണ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ആയ ഡോ. എന്‍കെ അറോറയാണ് ഇക്കാര്യം അറിയിച്ചത്.12 മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ വിതരണം ചെയ്യുക. നിലവില്‍ 15 മുതല്‍ 18വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇവര്‍ക്കുള്ള രണ്ടാം ഡോസ് വാക്സിന്‍ വിതരണം ഫെബ്രുവരി രണ്ടാംവാരം മുതല്‍ ആരംഭിക്കും. ജനുവരി മൂന്ന് മുതലാണ് കൗമാര പ്രായക്കാര്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിച്ചത്. ആദ്യദിനം തന്നെ 42,06,433 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിനേഷന്‍ പ്രക്രിയയില്‍ കൗമാരക്കാരുടെ സജീവ പങ്കാളിത്തം ഉണ്ടാകുന്നതായി അറോറ വ്യക്തമാക്കി.അതേസമയം രാജ്യത്തെ കൊറോണ പ്രതിരോധ വാക്സിനേഷന്‍ ആരംഭിച്ച് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനിടെ 157.20 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.