Friday, May 3, 2024
keralaNews

തെങ്ങിന് മുകളില്‍ കയറിയ ചെത്തുതൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യം

കള്ള് ചെത്താന്‍ കയറി ദേഹാസ്വാസ്ഥ്യം നിമിത്തം തെങ്ങിന് മുകളില്‍ കുടുങ്ങിയ ചെത്തുതൊഴിലാളിയെ അഗ്‌നിരക്ഷാ സേന എത്തി രക്ഷിച്ചു. പറശ്ശിനിക്കടവ് നണിയൂരിന് സമീപം കള്ള് ചെത്താന്‍ കയറിയ ചെറുപഴശ്ശിയിലെ കെ.ഷിബു (39) ആണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ 35 അടി ഉയരമുള്ള തെങ്ങില്‍ കുടുങ്ങിയത്. ഇത് കണ്ട് 2 തൊഴിലാളികള്‍ തെങ്ങിന് മുകളില്‍ കയറി ഷിബുവിനെ താഴെ വീഴാതെ തെങ്ങിന് മുകളില്‍ കെട്ടി നിര്‍ത്തിയ ശേഷം അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്റ്റേഷന്‍ ഓഫിസര്‍ സി.പി.രാജേഷ്, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ ഫിലിപ്പ് മാത്യു, കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നി രക്ഷാ സേനയിലെ അംഗങ്ങളായ പി.വി. ഗിരീഷ്, കെ.വി. അനൂപ്, കെ.പി.ഉമേഷ് എന്നിവര്‍ തെങ്ങില്‍ കയറി ഷിബുവിനെ സേനയുടെ രക്ഷാവലയില്‍ കയറ്റി താഴെ ഇറക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.