Saturday, May 4, 2024
keralaNews

ജെസ്‌നയുടെ തിരോധാനം:  തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

തിരുവനന്തപുരം: പത്തനംതിട്ടയിലെ ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അച്ഛന്‍ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കൈമാറാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു. കേസ് മേയ് മൂന്നിന് വീണ്ടും പരിഗണിക്കും.കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും പുതിയ തെളിവുകള്‍ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പിക്കാനും സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറാണെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.   ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറുമാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നത്.            ജെസ്‌നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജെസ്‌ന വീട്ടില്‍നിന്ന് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങള്‍ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടില്‍നിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി.

രക്തം പുരണ്ട വസ്ത്രങ്ങള്‍ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ജെസ്‌ന രഹസ്യമായി പ്രാര്‍ത്ഥിക്കാന്‍ പോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്‌നയുടെ കൈയില്‍ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ നല്‍കിയതല്ല. ജെസ്‌നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്‌നയുടെ തിരോധാനത്തില്‍ അജ്ഞാത സുഹൃത്തായ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കായിട്ടിയിരുന്നു. ജെസ്‌നയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ലോക്കല്‍ പൊലീസോ തങ്ങളോ എടുത്തിട്ടില്ലെന്നാണ് സിബിഐ നിലപാട്.