Saturday, May 4, 2024
keralaLocal NewsNews

ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെട്ടു; വെള്ളാപ്പള്ളി നടേശന്‍

എരുമേലി: ജാതിയുടെ പേരില്‍ നീതി നിഷേധിച്ചതാണ് എസ്എന്‍ഡിപിയുടെ രൂപീകരണത്തിന് വഴിതെളിച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജാതി പറയുന്നത് അഭിമാനമാണെന്നും എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എസ്എന്‍ഡിപി എരുമേലി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ചതയ ദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേവസ്വം ബോര്‍ഡില്‍ 96% മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്
ജോലി ചെയ്യുന്നത്. കൂടാതെ മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് കൂടുതല്‍ സംവരണം നല്‍കി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ താന്‍ പറഞ്ഞ അഭിപ്രായത്തെ ചിലര്‍ തെറ്റായി ധരിച്ചു.                                                                                               സമരത്തിന് ഇറങ്ങേണ്ട എന്ന് താന്‍ പറഞ്ഞു .എന്തുകൊണ്ടാണ് പറഞ്ഞതെന്ന് ഇപ്പോള്‍ മനസ്സിലാവും. സമരത്തിന് ഇറങ്ങിയവരുടെ പേരില്‍ നിരവധി കേസുകളുണ്ട് . ജയിലില്‍ കിടന്നു , ബലികുടീരങ്ങളായി തീരേണ്ടതില്ല. സമരത്തിന് ഇറങ്ങിയവര്‍ക്കും സമരം നടത്തിയവര്‍ക്കും എന്താണ് ലഭിച്ചത്.നമ്മുടെ വികാരത്തെ പ്രയോജനപ്പെടുത്തി എസ്എന്‍ഡിപിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും വേണ്ടി കുഴലൂത്തുകാരാവാന്‍ നില്‍ക്കണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശക്തിയുള്ളവന് എന്തുമാകാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വിഴിഞ്ഞം തുറമുഖ സമരം, പട്ടയം ,ബഫര്‍ സോണ്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇത് വ്യക്തമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അധികാരം കൈപ്പിടിയില്‍ ഒതുക്കിയ സംഘടിത ശക്തികൊണ്ട് ഒരു വിഭാഗത്തിന് ഒരു ജില്ലയില്‍ 17 വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. ഇവിടെയും എസ്എന്‍ഡിപി വിവേചനം അനുഭവിക്കുകയാണ്.നീതി നിഷേധിച്ചതിലൂടെ രൂപീകൃതമായ എസ്എന്‍ഡിപി 95 വര്‍ഷത്തിലേക്ക് കടക്കുകയാണെന്നും സംഘടിച്ച് ശക്തരാകുക എന്ന ഗുരുദേവ സന്ദേശത്തെ അടിസ്ഥാനമാക്കി ശക്തരാകണമെന്നും അദ്ദേഹം പറഞ്ഞു.                                                    വെള്ളാപ്പള്ളി നടേശനെതിരെ നവമാധ്യമങ്ങളിലൂടെ വ്യാപകമായി എതിര്‍ക്കുന്ന എരുമേലി സ്വദേശിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശം നടത്തി. വെള്ളാപ്പള്ളി നടേശന്റെ ജന്മദിനം കൂടിയായ ഇന്ന് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി എരുമേലി യൂണിയന്‍ ചടങ്ങില്‍ കേക്കും മുറിച്ചു.വെള്ളാപ്പള്ളിയുടെ പിറന്നാള്‍ സമ്മാനമായി മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന യൂണിയനിലെ മുഴുവന്‍ ശാഖകളുടെ പ്രതിനിധികള്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എരുമേലി യൂണിയന്റെ കീഴിലുള്ള 24 ശാഖകളില്‍ നിന്നും നൂറുകണക്കിന് പേര്‍ പങ്കെടുത്ത ചതയ ദിനാഘോഷം എരുമാലി ടൗണ്‍ ചുറ്റി സഞ്ചരിച്ച് ഘോഷയാത്ര പുണ്യഭൂമിയായ എരുമേലിയെ പീതവര്‍ണ്ണക്കടലാക്കി മാറ്റി. യൂണിയന്‍ ചെയര്‍മാന്‍ എം ആര്‍ ഉല്ലാസ് അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍മാന്‍ കെ.ബി ഷാജി,കണ്‍വീനര്‍ എം വി അജിത് കുമാര്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജി. വിനോദ്, സന്തോഷ് പാലമൂട്ടില്‍, യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗം പിജി വിശ്വനാഥന്‍,നേതാക്കളായ ഷിന്‍ ശ്യാമളന്‍, സുജാത ഷാജി, ശോഭന മോഹനന്‍ എന്നിവര്‍ സംസാരിച്ചു.