Monday, April 29, 2024
keralaNews

ജസ്‌ന തിരോധാനത്തിന്റെ നേരറിയാന്‍ സി ബി ഐ എത്തി.

ജസ്ന തിരോധാനക്കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തു. സി ബി ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. നേരത്തേ കേസ് സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് ഏറ്റെടുക്കാമെന്ന് സി ബി ഐയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.ജസ്ന തിരോധാനക്കേസില്‍ മനുഷ്യസാദ്ധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സി ബി ഐയോട് ആവശ്യപ്പെട്ടതും അന്വേഷണം ഏറ്റെടുക്കാമെന്ന് സി ബി ഐ അറിയിച്ചതും.2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്‌നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കി?ലും ഒരു തുമ്പും ലഭിച്ചില്ല. എരുമേലി വരെ ജസ്‌ന പോയതായി സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.പ്രതിഷേധങ്ങളെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോണ്‍ കോളുകളും പരിശോധനയ്ക്ക് വിധേയമാക്കി.ജസ്‌നയുടെ വിവരം നല്‍കുന്നവര്‍ക്ക് ഡി ജി പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ജസ്‌നയുടെ സഹപാഠിയെ പല തവണ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.ഇതിനിടെ പലയിടത്തും ജസ്‌നയെ കണ്ടതായി പ്രചാരണങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും സത്യമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.അടുത്തിടെ ജസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു. കോട്ടയം സ്വദേശിയായ ആര്‍. രഘുനാഥനാണ് ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചത്.