Tuesday, May 14, 2024
indiakeralaNews

സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം വൈകിട്ട്

തൃശ്ശൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. രാവിലെ ഏഴിന് ദില്ലിയില്‍ നിന്ന് ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. രാവിലെ 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തില്‍ എത്തിക്കും. ഉച്ചയോടെ ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് പുറപ്പെടും.

പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. വൈകിട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കേന്ദ്ര സഹമന്ത്രി മുരളീധരന്‍, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ എന്നിവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നു. നാട്ടിലെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.