Sunday, May 5, 2024
keralaNews

ജമ്മു കശ്മീരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് എട്ട് ഐടിബിപി ജവാന്മാര്‍ മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍, ഐടിബിപി ജവാന്മാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. ക്ഷ ഐടിബിപി ജവാന്മാരും ജമ്മു കശ്മീര്‍ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരിച്ചത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ഉദ്യോഗസ്ഥരുമായി ചന്ദന്‍വാരിയില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്. 37 ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസില്‍ ഉണ്ടായിരുന്നത്. അമര്‍നാഥ് യാത്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ 8 ജവാന്മാരെ എയര്‍ലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ അനന്ത് നാഗിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് ബസ് മറിയാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ബസ് രണ്ട് തവണ മറിഞ്ഞ് നദിയുടെ കരയില്‍ പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും, പൊലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അതിര്‍ത്തി രക്ഷാ സേന ഹെലികോപ്റ്റര്‍ അയച്ചിരുന്നു. അപകടത്തിന്റെ കാരണത്തെ കുറിച്ച് ഐടിബിപി അന്വേഷണം നടത്തും.ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാങ്ങള്‍ക്കൊപ്പമാണ് താനെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ധീര സൈനികരുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മനോജ് സിന്‍ഹ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് എല്ലാ ചികിത്സാ സഹായവും എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ട്വീറ്റ് ചെയ്തു.