Wednesday, May 15, 2024
keralaNews

പാങ്ങോട് സൈനിക കേന്ദ്രം സംഘടിപ്പിച്ച മനുഷ്യ ചിഹ്നത്തിന് ലോക റെക്കോര്‍ഡ്.

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രം സംഘടിപ്പിച്ച മനുഷ്യ ചിഹ്നത്തിന് ലോക റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ പേരെ സംഘടിപ്പിച്ച് സൃഷ്ടിച്ച ഏറ്റവും വലിയ മനുഷ്യ ചിഹ്നം എന്ന നേട്ടമാണ് സൈനിക കേന്ദ്രത്തിന് ലഭിച്ചത്.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തി ആസാദി കാ അമൃത് മഹോത്സവത്തിനോട് അനുബന്ധിച്ച് പാങ്ങോട് സൈനിക ക്യാംപിലെ സൈനികരും, സ്‌കൂള്‍ കുട്ടികളും, എന്‍ സി സി കേഡറ്റുകളും അടക്കമുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇന്ത്യന്‍ കരസേനയുടെയും ചിഹ്നങ്ങള്‍ക്കാണ് ഒരേ മനസോടെ അണിനിരന്നവര്‍ രൂപം നല്‍കിയത്. 1750 പേര്‍ 10 മിനിറ്റിനുള്ളിലാണ് ഇരു രൂപങ്ങളും സൃഷ്ടിച്ചത്. പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചല്‍ സ്റ്റേഡിയത്തിലാണ് പരിപാട് സംങടിപ്പിച്ചത്.
ഏറ്റവും വലിയ മനുഷ്യ ചിഹ്നം സൃഷ്ടിച്ചതിനുള്ള യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡാണ് ഈ പരിശ്രമത്തിന് ലഭിച്ച അംഗീകാരം. പരിപാടിയില്‍ യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം അധികൃതര്‍ പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗഡിയര്‍ ലളിത് ശര്‍മ്മയ്ക്ക് കൈമാറി.ഭാരതീയ കര സേന, ബോണ്ട് വാട്ടര്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷാണ് ഈ കലാരൂപത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നു.