Sunday, May 5, 2024
keralaNewspolitics

ചെന്നിത്തലയേയും മുല്ലപ്പളളിയേയും മാറ്റണം; യൂത്ത് കോണ്‍ഗ്രസ്

പ്രതിപക്ഷ നേതാവിനേയും കെ പി സി സി അദ്ധ്യക്ഷനേയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്. കെ പി സി സിയുടേയും ഡി സി സികളുടേയും ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും സോണിയഗാന്ധിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ഉന്നയിക്കുന്നു.

യൂത്ത് കോണ്‍ഗ്രസിലെ 24 സംസ്ഥാന കമ്മിറ്റി നേതാക്കളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനേയും മാറ്റണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. നേതൃമാറ്റം എന്ന ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സജീവമായ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലും തീരുമാനിച്ചത് നേതൃമാറ്റം പോലെയുള്ള കാര്യങ്ങള്‍ വളരെ ആലോചിച്ച് സാവധാനം മതി എന്നായിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മര്‍ദ്ദവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അടക്കമുളളവരാണ് കത്ത് അയച്ചിരിക്കുന്നത് എന്നാണ് വിവരം. പുനസംഘടന നടത്തിയില്ലെങ്കില്‍ പാര്‍ട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ പറയുന്നത്. അതേസമയം, നേതൃ മാറ്റം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍ പ്രതികരിച്ചു.