Sunday, May 5, 2024
keralaNewspolitics

ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റാവില്ല: സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ

സി പി എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. സ്വര്‍ണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. കൊലയും ക്വട്ടേഷനുമല്ല കമ്മ്യൂണിസം, ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ല എന്നാണ് മുഖപത്രത്തിലെ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് തന്നെ കൊലയാളികളെയും കടത്തുകാരേയും പിടികൂടുന്ന സാഹചര്യത്തിലാണ് സി പി ഐ യുടെ ഈ വിമര്‍ശനം പ്രസക്തമാകുന്നത്.

‘സൈബര്‍ സംഘങ്ങള്‍ക്ക് കേരളം മുഴുവന്‍ ആരാധകരുണ്ട്. മാഫിയ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്ന പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കളെ തള്ളിപ്പറയാനും ഇവര്‍ക്ക് മടിയുണ്ടായില്ല. ഈ മാറ്റം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാവിയ്ക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണെന്നും’ കുറിപ്പില്‍ പറയുന്നു.

സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാറിന്റേതാണ് ഈ ലേഖനം. സ്വര്‍ണ്ണക്കടത്ത് വലിയ ചര്‍ച്ചയായി കേരളത്തില്‍ മുഴുവന്‍ മാറിയിട്ടുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലേക്ക് തന്നെ അതിന്റെ പ്രതിപ്പട്ടിക നീളുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സി പി ഐ യുടെ ഈ കുറിപ്പ് സി പി ഐ എമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പാണ്.