Monday, April 29, 2024
keralaNewspolitics

ചാരുംമൂട് സംഘര്‍ഷത്തില്‍ സിപിഐ – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതെിരെ പൊലീസ് കേസുടുത്തു

ആലപ്പുഴ: ചാരുംമൂട് നടന്ന സംഘര്‍ഷത്തില്‍ സിപിഐ – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതെിരെ പൊലീസ് നാല് കേസുടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ആണ് കേസുകള്‍.

പ്രദേശത്ത് 4 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.

കോണ്‍ഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ കൊടിമരത്തെ ചൊല്ലി ചാരുംമൂട്ടില്‍ സിപിഐയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലിയതിന് പിന്നാലെ നാല് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ 25 പേര്‍ക്ക്പരിക്കേറ്റിട്ടുണ്ട്. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. നേരത്തെ സിപിഐ സ്ഥാപിച്ച കൊടിമരം കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കി പിഴുതുമാറ്റിച്ചിരുന്നു. എന്നാല്‍ ഇന്നലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ വീണ്ടും കൊടിമരം സ്ഥാപിച്ചു.

പരാതിയുമായി കോണ്‍ഗ്രസ് റവന്യു അധികൃതരെ സമീപിച്ചു. ഇവര്‍ എത്താല്‍ വൈകിയതോടെ വാക്കേറ്റവും കൈയ്യാങ്കളിയുമായി. ഏറെ വൈകി ആര്‍ഡിഒയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി കൊടിമരം പിഴുതുമാറ്റാന്‍ സിപിഐ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

തയ്യാറല്ലെന്ന നിലപാടില്‍ സിപിഐ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. പിന്നാലെ സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. രൂക്ഷമായ കല്ലേറും ഉണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയപ്പോള്‍ ഇവര്‍ക്ക് നേരെയും കല്ലേറുണ്ടായി.

സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്തെ കോണ്‍ഗ്രസ് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.