Sunday, April 28, 2024
EntertainmentkeralaNews

ഗാനഗന്ധര്‍വന്‍ ശതാഭിഷേക നിറവില്‍

തിരുവനന്തപുരം: ഗാന ഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസ് ശതാഭിഷേകത്തിന്റെ നിറവില്‍ . അമേരിക്കയിലെ ടെക്‌സസിലുള്ള വീട്ടിലാണ് ഗാനഗന്ധര്‍വന്റെ 84 ആം ജന്മദിന ആഘോഷം. നാല് വര്‍ഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയില്‍ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല.

എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തില്‍ ഗാനഗന്ധര്‍വ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയില്‍ ഓണ്‍ലൈനായി യേശുദാസ് പങ്കെടുത്തേക്കും. ാദബ്രഹ്‌മത്തിന്റെ സാഗരം നീന്തിയെത്തിയ നമ്മുടെയെല്ലാം ജീവിതത്തിലേക്ക് ഗന്ധര്‍വ്വ സംഗീതമൊഴുകിയെത്തിയിട്ട് ആറുപതിറ്റാണ്ടിലേറെയായി. 84ന്റെ നിറവിലും മാറ്റ് കൂടുന്നതേയുള്ളൂ. മലയാളി കാലങ്ങളായി ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ആ ശബ്ദം കേട്ട്. നമ്മുടെ പ്രണയത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലുമെല്ലാം ഒപ്പമുണ്ട് ആ ശബ്ദം.

മനുഷ്യര്‍ മാത്രമല്ല ഈശ്വരന്മാര്‍ക്കും ഉറങ്ങാന്‍ വേണം ഗന്ധര്‍വ്വ സ്വരമാധുരി.
റഫി പാട്ടുകള്‍ കേട്ട് സിനിമയെ സ്‌നേഹിച്ച ഫോര്‍ട്ട് കൊച്ചിക്കാരന്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അവസരങ്ങള്‍ക്കായുള്ള അലച്ചിലിനൊടുവില്‍ ദയ തോന്നി എം ബി ശ്രീനിവാസന്‍ വച്ചു നീട്ടിയ ഒരു ചെറിയ പാട്ട്. ഭരണി സ്റ്റുഡിയോയില്‍ 1961 നവംബര്‍ 14 ന് റിക്കോര്‍ഡ് ചെയ്യപ്പെട്ട 21 കാരന്റെ 4 വരി ഗുരുസ്‌തോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കം മാത്രം ആയിരുന്നു.

80 വയസ്സിനിടെ എണ്‍പതിനായിരം ഗാനങ്ങള്‍. ഒരു ദിവസം 11പാട്ടുകള്‍ വരെ പാടിയ കാലം. ഇളയരാജ ഒരിക്കല്‍ പറഞ്ഞു, മോശം പാട്ടുകള്‍ പോലും യേശുദാസ് പാടി പൊന്നാക്കും എന്ന്.ശതാഭിഷിക്തനായ മഹാഗായകന്‍ ഇന്നും കുട്ടിയെ പോലെ സംഗീതപരിശീലനത്തില്‍. അമേരിക്കയിലെ വീട്ടില്‍ പാട്ടിന് വിശ്രമം ഇല്ല. സുഹൃത്തുക്കളുമായി ദിവസവും സംഗീത ചര്‍ച്ച, വായന. ജന്മദിനത്തിലെ പതിവ് മൂകാംബിക യാത്ര കൊവിഡ് വരവോടെ നിന്നു. സൂര്യ മേളയിലും ഇടവേള. നാലുവര്‍ഷമായി കേരളത്തിലെത്തിയിട്ട്.

പക്ഷെ ലോകത്തിന്റെ ഏത് കോണില്‍ ആയാലും ഗന്ധര്‍വ നാദം കേള്‍ക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല മലയാളിക്ക്.