Monday, May 13, 2024
keralaNews

പ്രൊഫ. റ്റി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രധാന പ്രതിയെ എൻ ഐ എ പിടികൂടി.

പ്രൊഫ. റ്റി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ പ്രധാന പ്രതിയെ എൻ ഐ എ പിടികൂടി. കേസിൽ ഒന്നാം പ്രതിയായ സവാദിനെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. 13 വർഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത് .
News update on

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി എൻഐഐയുടെ പിടിയിൽ. അശമന്നൂർ നൂലേലി മുടശേരി സവാദ് (38) ആണ് കണ്ണൂരിൽ നിന്ന് പിടിയിലായത്. കൊച്ചിയിൽ നിന്നുള്ള പ്രത്യേക യൂണീറ്റ് കണ്ണൂരിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. ഇവിടെയാണ് ഇയാൾ മരപ്പണി ചെയ്ത് കഴി‍ഞ്ഞിരുന്നത്.

13 വർഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതി പിടിയിലാകുന്നത്. 2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്​ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. കേസിലെ മറ്റു പ്രതികളായ സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെ എൻഐഎ കോടതി ശിക്ഷിച്ചിരുന്നു. സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്.

9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു. കേസിൽ ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻ.ഐ.എ. കോടതി വ്യക്തമാക്കിയിരുന്നു. ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയത്. 2011ലാണ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. പ്രതിയെ കണ്ടെത്തിയ ഉദ്യോഗസ്ഥരെ പ്രൊഫസര്ര്‍ ടി ജെ ജോസഫ് അഭിനന്ദിച്ചു. ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ അന്വേഷണം പോയിട്ടില്ലെന്നും ടിജെ ജോസഫ് പറഞ്ഞു.

പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു.

മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികൾ 2 ലക്ഷത്തി 85,000 പിഴ നൽകണമെന്നും അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴ നൽകണമെന്നും വിധിച്ചിരുന്നു. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നുമായിരുന്നു കോടതി നിർദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.