Friday, May 10, 2024
keralaNewspolitics

ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി

തിരുവനന്തപുരം: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവര്‍ണര്‍ വിളിച്ച വാര്‍ത്ത സമ്മേളനം ഇന്ന് നടക്കാനാരിക്കെ ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി.
ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് സന്ദര്‍ശനമെന്നാണ് വിശദീകരണം. രാവിലെ 11.45 നാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിലെ ഗൂഡോലചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവനിലെ അസാധാരണ വാര്‍ത്താസമ്മേളനം.                          മുഖ്യമന്ത്രി തന്നോട് പല ആനൂകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നത് അത്യസാധാരണ നടപടിയാണ്. വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാര്‍ത്ത സമ്മേളനം എന്നാണ് രാജ്ഭവന്റെ തന്നെ ഔദ്യോഗിക അറിയിപ്പ്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ തന്നെയാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് ഉറപ്പിക്കുമ്പോഴും സര്‍ക്കാരും സിപിഎം നേതൃത്വവും ഇതിനെ കാര്യമാക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവും ഗവര്‍ണറുടെ പക്കലില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. കെ കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.