Saturday, May 4, 2024
indiaNewsworld

ഖത്തറില്‍ ശിക്ഷിക്കപ്പട്ട ഇന്ത്യന്‍ നാവികരെ വെറുതെവിട്ടു

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരെ വെറുതെവിട്ടു.  ഖത്തറില്‍ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് നാവികരുടെ വധശിക്ഷയില്‍ കഴിഞ്ഞ മാസം ഇളവ് ലഭിക്കുകയും തടവുശിക്ഷയായി കുറയ്ക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഖത്തറിലെ അപ്പീല്‍ കോടതി നാവികരെ വെറുതെവിട്ട കാര്യം അറിയിച്ചത്. പൂര്‍ണേന്ദു തിവാരി, സുഗുണകര്‍ പകല, അമിത് നാഗ്പാല്‍, സഞ്ജീവ് ഗുപ്ത, നവ്തേജ് സിംഗ് ഗില്‍, ബിരേന്ദ്രകുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചതും വിട്ടയച്ചതും.ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ച ഖത്തര്‍ അപ്പീല്‍ കോടതി വിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഇവരില്‍ ഏഴ് പേര്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയെന്നും ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും വഴിയൊരുക്കിയ ഖത്തര്‍ സ്റ്റേറ്റ് അമീറിന്റെ തീരുമാനം അഭിനന്ദാര്‍ഹമാണമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ദോഹ ആസ്ഥാനമായുള്ള ദഹ്റ ഗ്ലോബലിലെ ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും 2022 ഓഗസ്റ്റില്‍ കസ്റ്റഡിയിലെടുത്തത്. ഈ സംഘത്തിലാണ് ഇന്ത്യയിലെ മുന്‍ നാവിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്. ദുബായില്‍ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ ഭരണാധികാരി ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരതീയരുടെ മോചനം സാധ്യമായത്.