Thursday, May 2, 2024
keralaNews

കൊച്ചി ബാറിലെ വെടിവയ്പ്പ്; രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: ബാറിന് മുന്നിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കസ്റ്റഡിയില്‍. ആക്രമണത്തില്‍ മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമായിരുന്നു വെടിവയ്പ്പില്‍ കലാശിച്ചത്.

എന്നാല്‍ കസ്റ്റഡിയിലെടുത്ത  രണ്ട് പേര്‍ പ്രതികളാണോയെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി മൂവാറ്റുപുഴയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാര്‍ കണ്ടെത്തിയിരുന്നു. ഇത് പ്രതികള്‍ ഉപേക്ഷിച്ച് പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.

‘റെന്റ് എ കാര്‍’ ആണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കാറില്‍ പരിശോധന നടത്താന്‍ വിരലടയാള വിദഗ്ധരെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11.30ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കത്രിക്കടവ് ഇടശേരി ബാറില്‍ മദ്യപിക്കാനെത്തിയവര്‍ ബാര്‍ ജീവനക്കാരുമായി തര്‍ക്കത്തിലാവുകയായിരുന്നു. വെടിവയ്പ്പിന് ശേഷം പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റിരുന്നു. എയര്‍ പിസ്റ്റല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെങ്കിലും ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.