Monday, May 6, 2024
EntertainmentkeralaNews

സത്യം പുറത്ത് വരും, അന്വേഷണത്തോട് സഹകരിക്കും, വിജയ് ബാബു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഒരു മാസത്തിന് ശേഷം കേരളത്തില്‍ എത്തി.

ദുബായില്‍ നിന്ന് എമിറേറ്റ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിജയ് ബാബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ”ഞാന്‍ വരുമെന്ന് പറഞ്ഞിരുന്നു, വന്നു”. അന്വേഷണത്തോട് പൂര്‍ണമായിട്ടും സഹകരിക്കും. സത്യം പുറത്ത് കൊണ്ടുവരും. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്.

തന്നോടൊപ്പം നിന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി എന്നും വിജയ് ബാബു പറഞ്ഞു.

ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു കേരളത്തില്‍ എത്തുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയ വിജയ് ബാബു നേരെ ഫ്ലാറ്റിലേക്കാണ് പോകുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം.

നാട്ടില്‍ തിരിച്ചെത്തിയാലും ഹര്‍ജി പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാട്ടിലെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിജയ്ബാബുവിനെ നാട്ടിലെത്തിക്കാനുള്ള പോലീസ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.