Tuesday, May 7, 2024
keralaNews

കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും,10,000 രൂപയും സമ്മാനിച്ച് തൃക്കാക്കര നഗരസഭ അദ്ധ്യക്ഷ; കൗണ്‍സിലര്‍മാര്‍ വിജിലന്‍സില്‍ പരാതി

ഓണം പ്രമാണിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയും പണവും. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലാണ് സംഭവം. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ കൗണ്‍സിലര്‍മാര്‍ വിജിലന്‍സില്‍ പരാതി നല്‍കി.ഓരോ അംഗത്തിനും 15 ഓണക്കോടികളും, 10,000 രൂപയുമാണ് നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പന്‍ നല്‍കിയത്. അംഗങ്ങളെ ക്യാബിനിലേക്ക് വിളിച്ച് വരുത്തി രഹസ്യമായായിരുന്നു കൈമാറ്റം. എന്നാല്‍ സമ്മാന കിറ്റില്‍ പണം ഉണ്ടെന്ന് കണ്ടതോടെ 18 ഓളം കൗണ്‍സിലര്‍മാര്‍ ഇത് മടക്കി നല്‍കി. നഗരസഭാ അദ്ധ്യക്ഷ പണം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കൗണ്‍സിലില്‍ അദ്ധ്യക്ഷയ്ക്ക് പുറമേ 42 കൗണ്‍സിലര്‍മാരാണ് ഉള്ളത്. ഇവര്‍ക്ക് ഓണക്കോടിയും, പണവും നല്‍കാന്‍ നഗരസഭയില്‍ ഫണ്ടില്ല. ഇതാണ് പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട സംശയത്തിന് കാരണം. അഴിമതിയിലൂടെ ലഭിച്ച പണമാണ് അദ്ധ്യക്ഷ വിതരണം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.